ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി. 17 ദിവസം മുമ്പ് മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ യുവാവിന്റേതാണ് മൃതദേഹം എന്ന സംശയമാണ് ഉയരുന്നത്. മൃതദേഹത്തിലെ വസ്ത്രങ്ങളും വാച്ചും ബന്ധുക്കൾ തിരിച്ചറിഞ്ഞു. എങ്കിലും വിശദമായ പരിശോധനകൾ ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശിയായ സംഗീത് സജിയെ ഒക്ടോബർ ഒന്നിനാണ് കാണാതായത്. സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയിൽ കയറിപ്പോയ സംഗീത് രാത്രി വൈകിയും തിരികെ വന്നിരുന്നില്ല. പ്രദീപും സംഗീതും വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ എടുത്തിരുന്നുമില്ല. ഇടത്തറയിൽ സാധനം വാങ്ങാൻ ഓട്ടോ നിർത്തിയിരുന്നെന്നും പിന്നീട് സംഗീതിനെ കണ്ടിട്ടില്ലെന്ന് പ്രദീപ് പൊലീസിന് മൊഴി നൽകി.
ഇടത്തറക്കടുത്ത് തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന പ്രദീപിന്റെ മൊഴി പ്രകാരം പൊലീസ് ഇവിടെ തിരഞ്ഞെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. പ്രദീപ് മകനെ അപായപ്പെടുത്തിയെന്നാണ് സംഗീതിന്റെ ബന്ധുക്കളുടെ സംശയം. എന്നാൽ സംഗീത് എവിടെപ്പോയെന്ന് തനിക്ക് അറിയില്ലെന്നാണ് പ്രദീപ് വ്യക്തമാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.