സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മലയാളി ബാലികയ്ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഖത്തര്‍. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ബുഥൈയ്ന ബിന്‍ത് അലി അല്‍ നുെഎമി മരിച്ച മിന്‍സ മറിയത്തിന്‍റെ പിതാവ് അഭിലാഷിനേയും മാതാവ് സൗമ്യയേയും വീട്ടിലെത്തി ആശ്വസിപ്പിച്ചു. സ്വകാര്യ സ്കൂൾ ലൈസന്‍സിംഗ് വകുപ്പിലെ ഓഫീസ് ഉദ്യോഗസ്ഥരും കുടുംബത്തെ സന്ദര്‍ശിച്ചു.
വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ വിദ്യാഭ്യാസ മന്ത്രി കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം വിദ്യാഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യമന്ത്രാലയവും പ്രഖ്യാപിച്ചിട്ടുളള അന്വേഷണവും പുരോഗമിക്കുകയാണ്. അപകടം ആവര്‍ത്തിക്കാതിരിക്കാനുളള നടപടികൾ ശക്തമാക്കുമെന്നും വിദ്യാഭ്യാസ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ കുടുംബത്തിന് പിന്തുണയുമായി സ്വദേശി പൗരന്‍മാരും രംഗത്തെത്തി.
ഞായറാഴ്ചയാണ് സ്കൂൾ ബസ്സിനുളളില്‍ ഉറങ്ങിപ്പോയ നാല് വയസ്സുകാരി ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മരണമടഞ്ഞ്. മിന്‍സയെ ശ്രദ്ധിക്കാതെ ബസ് ജീവനക്കാര്‍ വാഹനം പാര്‍ക്ക് ചെയ്ത് പോവുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. മെഡിക്കല്‍ ഫലം ലഭിക്കുന്നതിന് അനുസരിച്ച് തുടര്‍ നടപടികൾ സ്വീകരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. നിയമനടപടികൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സ്വദേശമായ ചങ്ങനാശേരിയെത്തിച്ച് സംസ്കരിക്കും.