നോമ്പ് നോറ്റ് പ്രാർത്ഥനകളുമായി മറ്റൊരു റമദാൻ മാസം കൂടി വന്നെത്തിയിരിക്കുകയാണ്. നോമ്പ് തുറക്കുന്ന സമയങ്ങളിൽ വിശ്വാസികൾ കഴിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പരിശോധനാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. വ്യോമ, സമുദ്ര, കര മാർഗങ്ങളിലൂടെ വിദേശ നാടുകളിൽ നിന്ന് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ മേൽ നിയന്ത്രണം കർശനമാക്കിയിരുന്നു. ഇതിന് പുറമെ പ്രാദേശിക ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന ഔട്ട്ലറ്റുകളിലും മന്ത്രാലയം പരിശോധന നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. മാത്രമല്ല, ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ എത്തുന്ന ഇടങ്ങളിലും ഹൈപ്പർ മാർക്കറ്റുകളിലും ജനപ്രിയ കിച്ചനുകളിലും അറവുശാലകളിലും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണം കൂടുതൽ ശക്തമാണ്.
വിശുദ്ധ മാസത്തിൽ സാധ്യമായ ഏറ്റവും ഉയർന്ന ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ പരിശോധന ക്യാമ്പയിനുകളിൽ ഉൾപ്പെടുത്താനും മന്ത്രാലയം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. അതേസമയം, രാജ്യത്തെത്തുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ആദ്യപാദത്തിൽ 53,45,43,971 കിലോഗ്രാം ഉൽപന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സാങ്കേതിക ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനെ തുടർന്ന് 10311 കിലോഗ്രാം വസ്തുക്കൾ തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കാലയളവിൽ ഖത്തറിലേക്കുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ഇറക്കുമതി വർധിച്ചിരുന്നു. അതിനാൽ പരിശോധന ശക്തമാക്കുന്നതിനും കൃത്യസമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനുമായി തുറമുഖങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. എല്ലാ തുറമുഖങ്ങളിലും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം ഷിഫ്റ്റ് സംവിധാനത്തിലൂടെ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇതുവഴി വേഗത്തിലും സുഗമമായും പരിശോധനയും ചരക്ക് നീക്കവും ഉറപ്പാക്കാൻ കഴിയും.