രാജ്യത്തെ ജലക്ഷാമം പരിഹരിക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഒമാൻ കൃഷി മന്ത്രാലയം. ക്ലൗഡ് സീഡിങ് നടത്തുന്നുണ്ടെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സിയാണ് അറിയിച്ചത്. മജ്ലിസ് ശൂറയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രാലയം 13 ക്ലൗഡ് സീഡിങ് സ്റ്റേഷനുകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. കിഴക്കും പടിഞ്ഞാറും ഹജർ പർവതങ്ങളിലുമായി 11 എണ്ണവും രണ്ടെണ്ണം ദോഫാർ ഗവർണറേറ്റിലുമാണുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ ഏകദേശം 15 മുതൽ 18 ശതമാനം വരെ മഴയിൽ വർധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒമാനിൽ ക്ലൗഡ് സീഡിങ് (കൃത്രിമ മഴ) മെച്ചപ്പെടുത്തുന്നതിനായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഡ്രോണുകളിലേക്ക് തിരിയുകയാണെന്ന് കഴിഞ്ഞവർഷം അധികൃതർ വ്യക്തമാക്കിയിരുന്നു. 2030ഓടെ സുസ്ഥിരമായ ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള സർക്കാറിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭം. വരണ്ട രാജ്യമായതിനാൽ, ഒമാനിന് ഭൂഗർഭ ജലശേഖരം വർധിപ്പിക്കാൻ കൃത്രിമ മഴ പോലുള്ള സാങ്കേതിക വിദ്യകൾ ആവശ്യമാണെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.
അയോണൈസേഷൻ സ്റ്റേഷനുകൾ വികസിപ്പിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങൾ കവർ ചെയ്യുന്നതിന് ഡ്രോണുകൾ ഉപയോഗിക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. മുസന്ദത്തിൽ ഒരു പുതിയ സ്റ്റേഷൻ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. വടക്കൻ ശർഖിയയിലെ ക്ലൗഡ് സീഡിങ് പദ്ധതികളിൽ സൗരോർജത്തിന്റെ ഉപയോഗം കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം നിലവിൽ പരീക്ഷിച്ചുവരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മേഘങ്ങളിൽ മഴ പെയ്യാൻവേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവർത്തനങ്ങൾ, രാസപദാർഥങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. സാധാരണ രീതിയിൽ മഴ പെയ്യിക്കുന്നതിനോ കൃത്രിമ മഞ്ഞ് വരുത്തുന്നതിനോ ആണ് ഇത് ഉപയോഗിക്കുന്നത്. മാത്രമല്ല, മൂടൽമഞ്ഞ് കുറക്കുന്നതിനും ഈ പ്രവർത്തനം സ്വീകരിക്കാറുണ്ട്.