ഇനി മുതൽ ദോഹ മെട്രോയുടെ ഫീഡർ ബസുകളായ മെട്രോ ലിങ്കിലെ യാത്രയ്ക്ക് ട്രാവൽ കാർഡുകളും ഉപയോഗിക്കാം. വ്യാഴാഴ്ച മുതൽ പുതിയ സംവിധാനം നിലവിൽ വന്നുവെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴി അറിയിച്ചു.
മെട്രോയുടെ ഗോൾഡ്, സ്റ്റാൻഡേഡ് കാർഡുകൾ ഉപയോഗിച്ച് സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യമാണ് പുതിയ സംവിധാനത്തിലൂടെ സാധ്യമാവുക. എന്നാൽ നേരത്തേ നിലവിലുള്ള കർവ സ്മാർട്ട് കാർഡും കർവ ആപ്പിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തും യാത്ര ചെയ്യുന്നത് തുടരാനും കഴിയും.
അഞ്ചു വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാർക്കും ഈ സംവിധാനങ്ങളിൽ ഒന്ന് നിർബന്ധമാണ്. അതേസമയം മെട്രോയുടെ പേപ്പർ ടിക്കറ്റുകൾ ലിങ്ക് ബസ് യാത്രക്കുള്ള കാർഡുകളായി ഉപയോഗിക്കാൻ സാധിക്കില്ലെന്നും ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ വ്യക്തമാക്കി.