മെഡിക്കൽ ടൂറിസം രംഗത്ത് വളർച്ച രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ വർഷം 6.74 ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ദുബായിൽ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽപ്പേർ എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മെഡിക്കൽ ടൂറിസം വികസിപ്പിക്കാനുളള പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുമ്പോഴാണ് കണക്കുകൾ പുറത്തുവന്നത്.
ടൂറിസ്റ്റുകളില്‍ 39 ശതമാനം പേര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും 22 ശതമാനം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതേസമയം 21 ശതമാനം പേർ അറബ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചികിത്സ തേടിയ ദുബായിൽ എത്തിയിട്ടുണ്ട്. രാജ്യത്തെത്തിയ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ആകെ 99.2 കോടി ദിര്‍ഹം യുഎഇയില്‍ ചെലവഴിച്ചെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2021നെ അപേക്ഷിച്ച് വരുമാനത്തിൽ 26 കോടി ദിർഹമിൻ്റെ വർദ്ധനവും രേഖപ്പെടുത്തി.
ഗൈനക്കോളജി, ഡെൻ്റിസ്ട്രി, ഡെര്‍മെറ്റോളജി എന്നിവയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ എമിറേറ്റ്‌സില്‍ ചികില്‍സ തേടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്ലാസ്റ്റിക് സര്‍ജറി,ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെൻ്റ്, ഓര്‍ത്തോപീഡിയാക്, ഒഫ്താല്‍മോളജി, എന്നീ മേഖലകളിലെ ചികിത്സകള്‍ക്കും വിദേശങ്ങളിൽനിന്ന് ടൂറിസ്റ്റുകള്‍ എത്തിച്ചേരാറുണ്ട്. മെഡിക്കൽ ടൂറിസം രംഗത്ത് ആഗോളതലത്തിൽ മുൻനിരയിലേക്ക് എത്തുകയാണ് ദുബായ്.