ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച. സന്ദർശകഗാലറിയിൽ നിന്ന് രണ്ട് പേർ സഭയുടെ നടുത്തളത്തിലേക്ക് ചാടി. ശുന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവർ കളർ സ്പ്രേ പ്രയോഗിച്ചു. ചില എംപിമാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. പ്രതിഷേധക്കാര്‍ എത്തിയത് ”ഭാരത് മാതാ കീ ജെയ്, വന്ദേമാതരം…ജയ് ഭീം, ജയ് ഭാരത്” മുദ്രാവാക്യങ്ങളും മുഴക്കിയാണ്.
‘ഏകാധിപത്യം തുലയട്ടേ…’ എന്നും ഇവര്‍ മുദ്രാവാക്യം മുഴക്കി. ലോകസഭയ്ക്കുള്ളിലും പാര്‍ലമെന്റിന് പുറത്തുമായി മഞ്ഞപ്പുക ഉയരുന്ന വാതകവുമായായിരുന്നു പ്രതിഷേധം. സംഭവത്തില്‍ നാലു പേരാണ് ഇതുവരെ പിടയിലായിരിക്കുന്നത്. സംഭവത്തില്‍ പിടിയിലായ പുറത്ത് പ്രതിഷേധിച്ചവരിലെ യുവതി 42 കാരി നീലം ഹരിയാന സ്വദേശിയും പോലീസ് പിടികൂടിയ 25 കാരനായ അമോല്‍ മഹാരാഷ്ട്ര സ്വദേശിയുമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. തൊഴിലില്ലായ്മയ്ക്ക് എതിരേ നടന്ന പ്രതിഷേധം എന്നായിരുന്നു നീലം പോലീസിനോട് പറഞ്ഞത്. ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി പോലീസിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. എംപിമാരെല്ലാം സുരക്ഷിതരാണ് സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സംഭവത്തില്‍ പ്രതിപക്ഷവും ശക്തമായി പ്രതിഷേധിച്ചതോടെ ലോക്‌സഭയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്നും സത്യം പുറത്തു കൊണ്ടുവരേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും പറഞ്ഞു. മൈസൂർ-കൊടക് എംപി പ്രതാപ് സിൻഹ നൽകിയ പാസ് ഉപയോഗിച്ചാണ് യുവാക്കൾ അകത്തു കടന്നതെന്നാണ് സൂചന. പാർലമെന്റിന് പുറത്ത് പടക്കം പൊട്ടിച്ച ഒരാളടക്കം നാലു പേരാണ് പിടിയിലായിട്ടുള്ളത്. ഷൂസിനുള്ളിലാണ് ഇവർ പുക ഉപകരണം ഒളിപ്പിച്ചത്. എംപിമാരുടെ കസേരകളിലേക്കാണ് ഇവർ ചാടിയത്. അക്രമികളെ കീഴ്പ്പെടുത്തിയത് എംപിമാരാണ്.