ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുരോഗമന പ്രവാസി സംഘടനയായ മാസിൻ്റെ നാൽപ്പതാം വാർഷികാഘോഷങ്ങൾ സമാപനത്തിലേക്ക്. ഒരുവർഷം നീണ്ടുനിന്ന ആഘോഷ പരിപാടികളാണ് പൂർത്തിയാകുന്നത്. നാല്പതാം വാർഷിക ആഘോഷങ്ങളുടെ സമാപനസമ്മേളനം മെയ് 25 ശനിയാഴ്ച വൈകിട്ട് 6.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യുണിറ്റി ഹാളിൽ നടക്കും.
സിപിഐ(എം) സംസ്ഥാന സെക്രെട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.എറണാകുളം പാർലമെൻ്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥനാർത്ഥിയും കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗവുമായ ഷൈൻ ടീച്ചർ വിശിഷ്ടാതിഥിയാകും. തുടർന്ന് പ്രശസ്ത നർത്തകി വി.പി മൻസിയയുടെ നൃത്ത പരിപാടികളും മാസിൻ്റെ കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
2023 ഫെബ്രുവരി 5ന് മുൻ മന്ത്രി എം.എം മാണി എംഎൽഎയാണ് ഒരു വർഷം നീണ്ടുനിന്ന വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 1983ൽ രൂപീകൃതമായ മാസ് നാൽപ്പത് വർഷത്തിനിടെ പ്രവാസി മലയാളികൾക്കിടയിൽ ഒഴിച്ചുകൂടാനാകാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. യുഎഇയിലെ ഷാർജ, അജ്‌മാൻ, ഉം അൽ ക്വയ്‌ൻ മേഖലകളിലെ സാംസ്കാരിക സാമൂഹിക തലങ്ങളിലാണ് മാസിന്‍റെ പ്രവര്‍ത്തനം.
വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലേക്ക് യുഎഇയിലെ എല്ലാ പ്രവാസി മലയാളികളേയും സ്വാഗതം ചെയ്യുന്നതായി മാസ് പ്രസിഡൻ്റ് വാഹിദ് നാട്ടിക, വൈസ് പ്രസിഡൻ്റ് ഹാരിസ്, ജോയിൻ്റ് സെക്രട്ടറി ബിനു എന്നിവർ അറിയിച്ചു.