ദുബായിൽ അമിതവേഗത്തിലെത്തിയ കാർ പാലത്തിൽ നിന്ന് താഴേക്ക് വീണ് രണ്ടുപേർ മരിച്ചു. ചൊവ്വാഴ്ച രാത്രി 11.55നാണ് അപകടമുണ്ടായത്. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാർ പാലത്തിന്റെ വളവിൽ ഇടിക്കുകയായിരുന്നു.
അൽ ഖവാനീജിലെ ഇത്തിഹാദ് മാളിന് സമീപമുള്ള പാലത്തിൽ നിന്നാണ് സ്പോർട്സ് കാർ താഴേക്ക് വീണതെന്ന് ദുബായ് പൊലീസ് അറിയിച്ചു. കോൺക്രീറ്റ് ബാരിയർ തകർത്ത് പാലത്തിൽ നിന്ന് താഴെയുള്ള സ്ട്രീറ്റിലേക്ക് വീണു. തുടർന്ന് കാറിന് തീപിടിക്കുകയുമായിരുന്നു. ഡ്രൈവറും ഒപ്പമുണ്ടായിരുന്ന സ്ത്രീയുമാണ് മരിച്ചത്.
മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.