ബുധനാഴ്ച അന്തരിച്ച മുതിർന്ന നടൻ മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് മസ്ജിദിന് സമീപമുള്ള ഖബർസ്ഥാനിൽ സംസ്കരിച്ചു. മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി സുഹൃത്തുക്കളും, നാട്ടുകാരും സംസ്‌കാരിക, സിനിമ രംഗത്തെ പ്രമുഖരും കോഴിക്കോട് എത്തിയിരുന്നു.
സ്വാതന്ത്ര്യ സമരസേനാനി അബ്ദുൾ റഹ്മാൻ സാഹിബിന് അടുത്തായി മറ്റ് സ്വാതന്ത്ര്യ സമരസേനാനികൾക്കൊപ്പം കണ്ണംപറമ്പ് ഖബർസ്ഥാനിൽ തന്നെ ഖബറടക്കണമെന്ന മാമുക്കോയയുടെ ആഗ്രഹപ്രകാരമായിരുന്നു ചടങ്ങുകൾ. ബുധനാഴ്ച രാത്രി 10 മണി വരെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച നടന്റെ മൃതദേഹം രാത്രിയോടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ രാവിലെ 9:30 വരെ പൊതുദർശനം നടന്നു.
അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. മാമുക്കോയയുടെ വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ ദൂരപരിധിയിലാണ് കണ്ണംപറമ്പ് ഖബർസ്ഥാനി. ഇവിടേയും മയ്യിത്ത് നിസ്ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകിയത്.
വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.05ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളാക്കിയത്,