മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ടർബോയുടെ റിലീസ് അറുപതിലധികം വിദേശ രാജ്യങ്ങളിൽ. മേയ് 23നാണ് സിനിമയുടെ റിലീസ്. കേരളത്തിൽ നാനൂറിലധികം കേന്ദ്രങ്ങളിൽ ചിത്രം പ്രദർശനത്തിന് എത്തും . ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ് ആക്‌ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ്.
സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആഗോള റിലീസാണ് ടർബോ സ്വന്തമാക്കുന്നത്. അതേസമയം ടർബോയുടെ ട്രെയിലർ ലോഞ്ച് ഞായറാഴ്ച രാത്രി 7.30ന് (ഇന്ത്യൻ സമയം 9ന് ) ദുബായ് സിലിക്കൽ സെൻട്രൽ മാളിൽ നടക്കും.
ജീപ്പ് ഡ്രൈവറായ ജോസ് എന്ന ഇടിവെട്ട് കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. രാവിലെ ഒമ്പതിനാണ് ആദ്യ പ്രദർശനം. തിരുവനന്തപുരത്ത് ന്യൂ തിയേറ്ററിലാണ് ഫാൻസ് ഷോ നടക്കുക. ഇതിനിടെ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആൻ്റിസിപ്പോഡ് ഇന്ത്യൻ മൂവീസിൽ രണ്ടാംസ്ഥാനം ടർബോ സ്വന്തമാക്കത് പ്രേക്ഷകരുടെ കാത്തിരിപ്പ് വ്യക്തമാക്കുന്നതാണ്.
മധുരരാജയ്ക്കു ശേഷം സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മിഥുൻ മാനുവൽ തോമസാണ് തിരക്കഥ. വിഷ്ണു ശർമ ഛായാഗ്രഹണം നിര്‍വഹിക്കുമ്പോൾ ക്രിസ്റ്റോ സേവ്യർ സംഗീതം നൽകുന്നത്. ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. കന്നട താരം രാജ് ബി. ഷെട്ടി, തെലുങ്ക് നടൻ സുനിൽ, ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ് തുടങ്ങി താരസമ്പന്നമാണ് ടർബോ.