മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ‘കാതൽ – ദ് കോർ’ ചിത്രത്തിന്റെ റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്കെന്ന് റിപ്പോർട്ട്. ഇവിടെ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. സെൻസർ ബോർഡ് നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്തിയ ശേഷം ചിത്രം പ്രദർശിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
13 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ. ചിത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ് ഖത്തറിലും കുവൈത്തിലും വിലക്കെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ചിത്രം നവംബർ 23ന് റിലീസ് ചെയ്യും. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് കാതൽ. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രമായ ‘മോൺസ്റ്റർ’-നും മുമ്പ് സമാനമായ വിലക്ക് നേരിട്ടിരുന്നു. എൽജിബിടിക്യു ഉള്ളടക്കത്തിന്റെ പേരിലാണ് അന്ന് ചിത്രത്തിന് ഒന്നിലധികം രാജ്യങ്ങളിൽ റിലീസ് നിഷേധിച്ചത്. തുടർന്ന് സെൻസർ ബോർഡിന്റെ നിബന്ധനകൾ പാലിച്ചതോടെ ബഹ്‌റൈനിൽ നിരോധനം നീക്കിയിരുന്നു.