തുടർച്ചയായി പെയ്ത മഴയിൽ മുങ്ങിയിരിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. ഇടിയും മിന്നലും ശക്തമായ കാറ്റുമൊക്കെയായി മഴ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. മഴയേത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി ജീവനുകളും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ മഴക്കെടുതിയിൽ വലയുന്ന ഗൾഫ് ജനതയ്ക്ക് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. ഫെയ്സ്ബുക്കിൽ പങ്കവെച്ച കുറിപ്പിലൂടെയാണ് താരം ജനങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചത്.
“ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ…” എന്നാണ് മമ്മൂട്ടി കുറിച്ചത്. മമ്മൂട്ടിയ്ക്ക് പുറമെ മഞ്ജു വാര്യരും ഗൾഫിലെ ജനങ്ങളെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരുന്നു.
കനത്ത മഴയ്ക്ക് ശേഷമുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും പൊതുസ്ഥലങ്ങളും വാഹനങ്ങളുമെല്ലാം നശിച്ചിരുന്നു. തുടർന്ന് നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കുകയും ചെയ്തു. റോഡുകളിലെ വെള്ളക്കെട്ടുകൾ നീക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.