മികച്ച പ്രതികരണവുമായി തീയറ്ററിൽ പ്രദർശനം തുടരുകയാണ് നസ്ലിനും-മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തിയ പ്രേമലു. മമിതയുടെ മികച്ച പ്രകടനത്തിന് ഗംഭീര പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. തിയറ്റർ കലക്‌ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ മലയാള ചിത്രമാണ് പ്രേമലു. ലൂസിഫർ, പുലിമുരുകൻ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ഇതിനു മുമ്പ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമകൾ.
ലൂസിഫർ, പുലിമുരുകൻ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾ നായക കഥാപാത്രത്തിന് പ്രാധാന്യം നൽകിയ സിനിമകളാണ്. നായികയെ പേരിന് മാത്രം ഉൾക്കൊള്ളിച്ചിരിക്കുന്ന സിനിമകൾ.
അവിടെയാണ് പ്രേമലു സിനിമ വ്യത്യസ്തമാകുന്നത്. നസ്ലിനും-മമിതയ്ക്കും തുല്യ പ്രാധാന്യം നൽകി നൂറ് കോടി ക്ലബ്ബിൽ എത്തിയ ചിത്രം. അതുകൊണ്ട് തന്നെ നൂറുകോടി താണ്ടിയ നായികാ പദവിയ്ക്കുള്ള റെക്കോർഡ് മമിതയ്ക്ക് തന്നെ! മലയാളത്തിന്റെ സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് പോലും ലഭിക്കാത്ത റെക്കോർഡാണ് ഈ ചെറു പ്രായത്തിൽ മമിത സ്വന്തമാക്കിയത് എന്ന് നിസംശയം പറയാം.
ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റർടൈനർ ആയി ഒരുക്കിയ പ്രേമലുവിന്റെ നെടുംതൂണൂകളാണ് നസ്ലിനും മമിതയും. അടുത്തിടെ അഭിനയിച്ച പടങ്ങളൊക്കെ ഹിറ്റാവുന്ന സാഹചര്യത്തിൽ പ്രതിഫലം കൂട്ടിയോ, കോടികളാണോ വാങ്ങുന്നത് എന്നാണ് ഇപ്പോൾ മമിതയോട് ചോദിക്കുന്നത്. ഇത്തരം ചോദ്യങ്ങൾ മമിത ഒരിക്കൽ പറഞ്ഞ മറുപടി ഇങ്ങനെയാണ്.
ആദ്യമായി അഭിനയിച്ച സിനിമയ്ക്ക് പ്രതിഫലമായി ഒന്നും കിട്ടിയിരുന്നില്ല എന്നാണ് മമിത പറയുന്നത്. രണ്ടാമത്തെ സിനമയ്ക്ക് കിട്ടിയത് ആറായിരം രൂപ ആണെന്നും മമിത പറയുന്നു. ഇപ്പോൾ കോടികളാണോ മമിത വാങ്ങുന്നത് എന്ന ചോദ്യത്തിന് അത്രയ്ക്കൊന്നും താൻ എത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്. അവസരങ്ങൾ ധാരാളം ഉണ്ടെന്നും പക്ഷേ കോടികൾ വാങ്ങാൻ മാത്രം താൻ വളർന്നിട്ടില്ലെന്നും മമിത പറയുന്നു. തന്റെ മാർക്കറ്റിംഗ് ലെവൽ അനുസരിച്ചുള്ള പ്രതിഫലമാണ് ഇപ്പോൾ വാങ്ങുന്നതെന്നും കോടികളിലേക്ക് എത്താൻ ഇനിയും ദുരമുണ്ടന്നും മമിത പറയുന്നു.