വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പൂജ്യമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘സർവ്വകക്ഷിയോഗത്തിന് മുമ്പ് നമ്മൾ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകണം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മമതയെ സന്ദർശിച്ചതിന് പിന്നാലെയാണ് മമത ബിജെപിക്കെതിരെയുള്ള നിലപാട് വ്യക്തമാക്കിയത്.
സഖ്യത്തിന് എതിർപ്പൊന്നും ഇല്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകും. ഞങ്ങൾക്ക് വ്യക്തിപരമായ ഇഷ്ടക്കേടില്ല. ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,’ മമത ബാനർജി പറഞ്ഞു. എനിക്ക് നിതീഷ് കുമാറിനോട് ഒരു അഭ്യർത്ഥന മാത്രമേയൊളളു. ജയപ്രകാശ് നാരായണൻ അദ്ദേഹത്തിന്റെ പ്രസ്ഥാനം ആരംഭിച്ചത് ബിഹാറിൽ നിന്നാണ്. അതുകൊണ്ട് അവിടെ നമ്മൾ സർവ്വകക്ഷിയോഗം വിളിക്കണം. അതിന് ശേഷം അടുത്തത് എന്താണെന്ന് തീരുമാനിക്കാമെന്നും നിതീഷ് കുമാറുമായുളള കൂടിക്കാഴ്ച്ചക്ക് ശേഷം മമത പറഞ്ഞു.
എല്ലാ പാർട്ടികളും ഒന്നിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തെന്ന് നിതീഷ് കുമാർ പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എല്ലാ തയ്യാറെടുപ്പുകളെക്കുറിച്ചും ചർച്ച ചെയ്തു. ഇപ്പോൾ ഭരിക്കുന്നവർക്ക് ഒന്നും ചെയ്യാനില്ല. അവർ സ്വന്തം പബ്ലിസിറ്റി മാത്രമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും നിതീഷ് കുമാർ കുറ്റപ്പെടുത്തി.