ലോകമലയാളികൾക്ക് അഭിമാനമായി മാറിയ പർവ്വതാരോഹകൻ ഷെയ്ഖ് ഹസ്സൻ ഖാന് ദുബായി സ്വീകരമൊരുക്കി പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ പെക്സ. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് അവബോധമുയർത്തിയും ലോക സമാധാനസന്ദേശം ഉയർത്തിപ്പിടിച്ചും ഷെയ്ഖ് ഹസ്സൻ ഖാൻ നടത്തുന്ന യാത്രകൾക്കും ദൌത്യങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചാണ് പെക്സയുടെ ആദരം.
ദുബായിൽ നടന്ന ചടങ്ങ് പ്രവാസ ലോകത്തെ സാമൂഹിക-സാസ്കാരിക പ്രവർത്തകനായ ബഷീർ തിക്കോടി ഉദ്ഘാടനം ചെയ്തു. ആഗ്രഹങ്ങളെ വിജയമാക്കി മാറ്റാനുളള ഷെയ്ഖ് ഹസ്സൻ ഖാൻ്റെ യത്നത്തെ അഭിനന്ദിച്ച അദ്ദേഹം ആദരവ് സംഘടിപ്പിച്ച പെക്സയേയും അഭിനന്ദിച്ചു. ഓരോ യാത്രകളിലും നേരിട്ട വെല്ലുവിളികളേയും അനുഭവങ്ങളേയും കുറിച്ച് ആദരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഷെയ്ഖ് ഹസ്സൻ ഖാൻ വിവരിച്ചു.
ലോകത്തെ ഏറ്റവും ഉയർന്ന പർവ്വതമായ എവറസ്റ്റും അൻ്റാർട്ടിക്കയിലെ മൌണ്ട് വിൻസണും ആഫ്രിക്കയിലെ കിളമഞ്ചാരോയും ചിലിയിലെ ഓഗോസ് ദെൽ സലാദോ അഗ്നിപർവ്വതവും ഉൾപ്പടെ ഏഴ് കൊടുമുടികളാണ് ഇതിനകം ഷെയ്ഖ് ഹസ്സൻ ഖാൻ കീഴടക്കിയത്. യുഎഇയിലെ ജബൽ ജൈസടക്കം ഓരോ രാജ്യങ്ങളിലേയും ഏറ്റവും ഉയർന്ന പ്രദേശങ്ങൾ കീഴടക്കുകയയെന്ന ലക്ഷ്യത്തോടെ തൻ്റെ യാത്രകൾ തുടരുകയാണെന്നും പന്തളം പൂഴിക്കാട് സ്വദേശിയായ ഷെയ്ഖ് ഹസ്സൻ ഖാൻ വ്യക്തമാക്കി.
ദുബായിലെ സാംസ്കാരിക പ്രവർത്തകരായ ചാക്കോ ഊളക്കാട്, ബഷീർ ബെല്ലൊ, ജയപ്രകാശ് പയ്യന്നൂർ, സക്കീർ പടിപ്പുരത്തുണ്ടിൽ തുടങ്ങിയവർ ആശംസകൾ രേഖപ്പെടുത്തി. പെക്സ സെക്രട്ടറി ഫസീം ജലാൽ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് നൌഷാദ് മീര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഹക്കീം വാഴക്കാലയിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിഷാദ് ചിറ്റാർ, അബ്ദുൾ റഹ്മാൻ, നജീബ് അലിയാർ, മുഹമ്മദ് റോഷൻ, ഷാജു പന്തളം, ഷഫീക്ക് കാട്ടൂർ,ഉവൈസ് ഉല്ലാസ്, ഹാരിസ് ജലാൽ, ഷിജുഹസ്സൻ, ബാരി സലാഹുദ്ദീൻ, തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.