ഷാർജയിൽ മലയാളി യുവാവിനെ കാണാതായിട്ട് രണ്ട് മാസം. തൃശൂർ തിരുമുക്കുളം കുഴൂർ സ്വദേശിയായ ജിത്തു സുരേഷിനെയാണ് കാണാതായത്. പിതാവ് സുരേഷ് കുമാർ ഷാർജ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സ്വകാര്യ കമ്പനിയിൽ സെയിൽസ് അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു ജിത്തു. 2024 മാർച്ച് 10 മുതലാണ് ജിത്തുവിനെ കാണാതായത്. ജിത്തു പോകാനിടയുള്ള എല്ലായിടത്തും കയറിയിറങ്ങിയെന്നും ചോദിക്കാനുള്ള എല്ലായിടത്തും ചോദിച്ചുവെന്നും പിതാവ് പറഞ്ഞു.
ജിത്തുവിനെ കണ്ടെത്താൻ കേന്ദ്രമന്ത്രിക്കടക്കം പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇപ്പോഴും അബുദാബിയിലുള്ള ജോലി കഴിഞ്ഞ് ദിവസേന ഷാർജയിലെത്തി ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പോലീസിലും നിരന്തരം കയറിയിറങ്ങി മകന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ് പിതാവ്. ജിത്തുവിന്റെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.