ഹജ്ജിന് എത്തിയ മലയാളിയെ 14 ദിവസമായിട്ടും കണ്ടെത്താൻ കഴിയാതെ സൗദി പോലീസ്. മക്കയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായ മലയാളി വയോധികന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് പോലീസും ബന്ധുക്കളും. മലപ്പുറം വളാഞ്ചേരി, പെങ്ങകണൂർ സ്വദേശിയായ സി.എച്ച്. മൊയ്തീൻ ചക്കുങ്ങലി (72) നെയാണ് കഴിഞ്ഞ 14 ദിവസത്തിൽ ഏറെയായി കാണാതായത്. ഇദ്ദേഹത്തിന് വേണ്ടി പൊലീസും ബന്ധുക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.
ഭാര്യയൊടൊപ്പം ഹജ്ജിന് എത്തിയ മൊയ്തീൻ കർമങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ഇറങ്ങിപ്പോവുകയായിരുന്നു. ആവശ്യമായ രേഖകളൊന്നും കൈവശമില്ലാതെയാണ് ഇദ്ദേഹം പുറത്തേക്ക് പോയത്. ഐഡി കാർഡുകൾ അടക്കമുള്ളവ താമസ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നുവെന്ന് ഒപ്പമുള്ളവർ പറഞ്ഞു. അതേസമയം കാണാതായി രണ്ട് ദിവസങ്ങൾക്ക് ശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് ഇദ്ദേഹത്തെ കണ്ടതായി ഒരു മലയാളി അറിയിച്ചിരുന്നു. ഇദ്ദേഹം പരസ്പരവിരുദ്ധമായി സംസാരിച്ചെന്നും പന്തികേടു തോന്നി സമീപ കടയിലെ മലയാളി മുറിയിലെത്തിക്കാമെന്നും അവിടെ ഇരിക്കാനും അവശ്യപ്പെട്ടു. എന്നാൽ കടയിൽ തിരക്കുള്ള സമയമായതിനാൽ കടക്കാരന്റെ നോട്ടം തെറ്റിയ സമയത്ത് ഇദ്ദേഹം വീണ്ടും ഇറങ്ങിപ്പോവുകയായിരുന്നു എന്നും അയാൾ കൂട്ടിച്ചേർത്തു.
സ്വകാര്യ ഹജ് ഗ്രൂപ്പ് വഴിയാണ് മൊയ്തീൻ ഹജ്ജ് നിർവഹിക്കാൻ എത്തിയത്. സാമൂഹിക പ്രവർത്തകർ മക്കയിലെ വിവിധ ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, മിസിങ് കേന്ദ്രങ്ങൾ, തായിഫിലെ മാനസിക ആശുപത്രികൾ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തി. മുൻപ് പ്രവാസിയായി സൗദിയിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് മൊയ്തീൻ. അതേസമയം റൂമിൽ വച്ച് ഇദ്ദേഹം മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതായും വിവരമുണ്ട്. ഹറമിന് സമീപത്തു നിന്ന് ഏതെങ്കിലും വാഹനങ്ങളിൽ കയറി പോകുന്നതിനും സാധ്യത കാണുന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു. കണ്ടെത്തുന്നവർ 0502336683, 055 506 9786 എന്നീ നമ്പറുകളിൽ വിവരങ്ങളറിയിക്കണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.