അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 34 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) സമ്മാനം സ്വന്തമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദലി മൊയ്തീൻ. സമ്മാനം കേട്ട് വിശ്വസിക്കാനായില്ലെന്ന് മുഹമ്മദലിക്ക് വേണ്ടി ടിക്കറ്റെടുത്ത മകളുടെ ഭർത്താവ് നിഹാൽ പറമ്പത്ത് പറയുന്നു.
ഉമ്മുൽഖുവൈനിലെ ഒരു കെട്ടിട നിർമാണ കമ്പനിയിൽ അക്കൗണ്ടന്റായ മുഹമ്മദലി വേനലവധി ആഘോഷിക്കാൻ നാട്ടിലായതിനാൽ ഫോൺ വിളികൾ മുഴുവൻ എത്തിയത് ഉമ്മുൽഖുവൈനിലെ കമ്പനിയിൽ പർചേസ് മാനേജരായ നിഹാലിനായിരുന്നു. കഴിഞ്ഞ 30 വർഷമായി യുഎഇയിലുള്ള മുഹമ്മദലി വർഷങ്ങളായി വിവിധ നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നു. സീരീസ് 253ലെ 061908 എന്ന നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്.
അബുദാബിയിലെയും അൽഐനിലേയും വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്ന് നേരിട്ടായിരുന്നു ടിക്കറ്റെടുത്തിരുന്നത്. നിഹാലാണ് ഓൺലൈനിലൂടെ വാങ്ങുന്നതിന് തുടക്കമിട്ടത്. നിഹാൽ തന്നെയായിരുന്നു ഭാര്യാ പിതാവിന് വേണ്ടി ടിക്കറ്റെടുക്കുക. ആദ്യമൊക്കെ ഒറ്റയ്ക്കും ഒന്നോ രണ്ടോ കൂട്ടുകാരുമായി ചേർന്നുമായിരുന്നു മുഹമ്മദലി ടിക്കറ്റെടുത്തിരുന്നത്. പിന്നീട് സംഘം ചേർന്ന് എടുക്കാൻ തുടങ്ങി. ഇപ്രാവശ്യം ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 10 അംഗ സംഘത്തോടൊപ്പമാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവരുമായി പങ്കിടും.