അവധിക്കോ പ്രവാസം അവസാനിപ്പിച്ചോ കുവൈറ്റിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കിൽ കുവൈറ്റിൽ രജിസ്റ്റര്‍ ചെയ്ത എല്ലാ ട്രാഫിക് പിഴകളും നിയമലംഘനങ്ങളും തീര്‍പ്പാക്കേണ്ടതുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദേശികള്‍ അവധിക്ക് പോയി മടങ്ങിവരാത്ത സാഹചര്യങ്ങളില്‍ ട്രാഫിക് പിഴ ലഭിക്കാതെ പോകുന്നത് ഒഴിവാക്കാനാണ് അവധിയില്‍ പോവുകയാണെങ്കിലും മുഴുവന്‍ തുകയും നല്‍കണമെന്ന നിയമം കൊണ്ടുവന്നത്.
ഓഗസ്റ്റ് 19 ശനിയാഴ്ച മുതലാണ് ഈ നിയമം പ്രാബല്യത്തിലായി. ഫൈനല്‍ എക്‌സിറ്റ് അല്ലെങ്കില്‍ പോലും രാജ്യംവിടുന്നതിന് മുമ്പ് പിഴ സംഖ്യ മുഴുവന്‍ നല്‍കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ ഈ നിയമം നേരത്തേ തന്നെ പ്രാബല്യത്തിലുണ്ട്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും തുറമുഖങ്ങളിലും പിഴത്തുക അടയ്ക്കുന്നതിന് സൗകര്യമുണ്ട്. സഹേല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പോലുള്ള നിരവധി ഉപയോക്തൃ സൗഹൃദ രീതികളിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയും ട്രാഫിക് ഓഫീസുകളിലെത്തിയും പിഴ അടയ്ക്കാവുന്നതാണ്.