റമദാൻ വ്രതം ആരംഭിച്ചതോടെ പുണ്യനഗരിയായ മക്കയിലും മദീനയിലും ഭക്തരുടെ തിരക്ക് വർധിക്കുകയാണ്. ഇതോടെ മക്കയിലെ മസ്‌ജിദുൽ ഹറമും മദീനയിലെ മസ്‌ജിദുന്നബവിയും 24 മണിക്കൂറും പ്രാർത്ഥനയ്ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പ്രാർത്ഥനയ്ക്കായി കൂടുതൽ സ്ഥലവും ഏർപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസികൾക്കായി പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തിൽ ദിവസേന മതപഠന, ബോധവൽക്കരണ ക്ലാസുകളും ആരംഭിച്ചു. കൂടാതെ സന്ദർശകർ പാലിക്കേണ്ട പൊതു മാർഗനിർദേശങ്ങളും നമസ്‌കാര സമയവും അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. തീർത്ഥാടകരുടെ സഹായത്തിനായി നൂറുകണക്കിന് ജീവനക്കാരെയും വിവിധ സ്ഥലങ്ങളിൽ നിയമിച്ചിട്ടുണ്ട്.
പുണ്യസ്ഥലങ്ങൾക്ക് പുറമെ സൗദിയിലെ മറ്റ് പള്ളികളിലും റമദാന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രാർത്ഥനയ്ക്കായി അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്.