ഷാർജയിൽ കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടെല്ലാം പൂർണ്ണമായി നീങ്ങി. വെള്ളക്കെട്ട് പോയപ്പോൾ ദേ പൊങ്ങിവന്നത് ഒരു പെപ്സി കുപ്പി. അതിലെന്താ ഇത്ര അത്ഭുതം അല്ലേ! അങ്ങനെ പറഞ്ഞു തള്ളാൻ വരട്ടെ. വെറും കുപ്പിയല്ല പൊങ്ങിവന്നത്. 62 വർഷം പഴക്കമുള്ള പെപ്സി കുപ്പി. അതും പൊട്ടിക്കാത്തത്.
അൽ ദൈദ് പ്രദേശത്ത് നിന്നാണ് ഈ അരനൂറ്റാണ്ടിലധികം പഴക്കമുള്ള കുപ്പി കിട്ടിയത്. ഇമിറാത്തി പൗരനും പുരാവസ്തു ഗവേഷകനുമായ അലി റാഷിദ് അൽ കത്ബിയാണ് കുപ്പി കണ്ടെത്തിയത്.
1962- ൽ ദുബായിൽ നിർമിച്ച പെപ്സിയുടെ സീൽ പൊട്ടിക്കാത്ത കുപ്പിയായിരുന്നു അത്. 1958- ൽ സ്ഥാപിതമായ ദുബായ് റിഫ്രഷ്മെന്റ് കമ്പനി നിർമിച്ചതാണ് ഷാർജയിൽ കണ്ടെടുത്ത ബോട്ടിലെന്നാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ അറബിയിൽ ദുബായ് എന്നും രേഖപ്പെടുത്തിയിരുന്നു. ഇത്രയധികം വർഷം കടന്നുപോയിട്ടും കുപ്പിക്കും അതിലെ പ്രിന്റിനുമൊന്നും മാറ്റം സംഭവിച്ചിരുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം.