ഒമാനിലെ പൊതുനിരത്തുകളിൽ ഓടുന്ന ഓറഞ്ച്, വെള്ള നിറത്തിലുള്ള ടാക്സികൾ ഓൺലൈൻ ആപ്ലിക്കേഷനുകളിൽ ചേരാൻ നിർദേശം. അടുത്തവർഷം ജനുവരി ഒന്നിനുള്ളിൽ ടാക്സികൾ ലൈസൻസുള്ള ഓൺലൈൻ ആപ്ലിക്കേഷൻ കമ്പനികളിൽ ചേരണമെന്നാണ് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് നിർദേശിച്ചത്. ഒമാനിൽ ടാക്സി സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് നിർദേശം. ഒമാൻ ടാക്സി, മർഹബ, ഒടാക്സി, ഹല, തസ്ലീം എന്നിവയാണ് മന്ത്രാലയം ലിസ്റ്റ് ചെയ്ത ലൈസൻസുള്ള ഓൺലൈൻ കമ്പനികൾ.
ഒക്ടോബർ ഒന്നിന് വിമാനത്താവളങ്ങളിൽ ടാക്സികൾക്ക് സർവിസ് നടത്താൻ അനുമതി നൽകിയാണ് ആദ്യഘട്ടത്തിന് തുടക്കമിട്ടിരുന്നത്. തുടർന്ന് നവംബർ ഒന്നിന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ ഹോട്ടലുകൾ, വാണിജ്യകേന്ദ്രങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ സേവനം നടത്തുന്നതിനും ടാക്സികൾക്ക് അനുമതി നൽകിയി. ഹോട്ടലുകളിൽ സർവിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയാണ് നിശ്ചയിച്ചിട്ടുള്ളത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 250 ബൈസ ഈടാക്കും. കൂടാതെ പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജായി 50 ബൈസയും നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം വാണിജ്യ കേന്ദ്രങ്ങളിലെ ടാക്സി നിരക്ക് 300 ബൈസയിൽ ആരംഭിക്കും. പിന്നീടുള്ള ഓരാ കിലോമീറ്ററിനും 130 ബൈസയായിരിക്കും. എന്നാൽ കാത്തിരിപ്പ് നിരക്ക് ഹോട്ടൽ ടാക്സികൾക്ക് തുല്യമാണ്. യാത്രയുടെ ഏറ്റവും കുറഞ്ഞ നിരക്ക് ഒരു റിയാൽ ആയിരിക്കും. സുൽത്താൻ ഖാബൂസ് തുറമുഖത്തിൽ സേവനം നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീട് ഓരോ കിലോമീറ്ററിനും 250 ബൈസയും പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജായി 50 ബൈസയും നൽകേണ്ടിവരും.