രുചിയൂറും ഈന്തപ്പഴങ്ങളുടെ പ്രദർശനവുമായി അജ്മാന് ലിവ ഈന്തപ്പഴ മേളയ്ക്ക് തുടക്കമാകുന്നു. ജൂലൈ 24നാണ് ആരംഭിക്കുന്ന മേള 28ന് സമാപിക്കും. ഈന്തപ്പഴ മേളയ്ക്കൊപ്പം ഇത്തവണ അറേബ്യൻ തേൻ സംരംഭങ്ങളുടെ ശേഖരവും പ്രദർശനത്തിൽ ഒരുക്കുന്നുണ്ട്.
യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ കാർമികത്വത്തിലാണ് പ്രദർശനം നടക്കുക. അജ്‌മാൻ ജറഫിലെ എമിരേറ്റ്സ് ഹോസ്‌പിറ്റാലിറ്റി സെന്ററിൽ നടക്കുന്ന പ്രദർശനം അജ്‌മാൻ വിനോദ സഞ്ചാര വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. വൈകുന്നേരം നാലിന് ആരംഭിക്കുന്ന മേള രാത്രി 11 മണി വരെ നീണ്ടു നിൽക്കും.
രാജ്യത്തെ കർഷകരുടെ ശാക്തീകരണം ലക്ഷ്യം വെച്ചാണ് ലിവ ഈന്തപ്പഴ മേള സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉല്പാദിപ്പിക്കുന്ന വ്യത്യസ്‌ത ഇനങ്ങളിൽപെട്ട ഈത്തപ്പഴങ്ങൾ മേളയിൽ ലഭ്യമാകും. ഈന്തപ്പഴം കൂടാതെ രാജ്യത്ത് പ്രാദേശിക കർഷകർ ഉല്പാദിപ്പിക്കുന്ന മാങ്ങ, നാരങ്ങ, ബദാം, പച്ചക്കറി വിഭവങ്ങൾ തുടങ്ങിയവയും പ്രദർശനത്തിനൊരുക്കും. മേളയോടനുബന്ധിച്ച് ചിത്ര പ്രദർശനം, വിവിധ കലാസാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.