പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് നിലവിൽ ലിജിൻ ലാൽ.
ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ലിജിൻ ലാൽ. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു ലിജിൻ ലാൽ.
മുതിർന്ന നേതാവ് ജോർജ്ജ് കുര്യൻ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിനെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിൽ ധാരണയായത്. 2016ലെ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിച്ച ജോർജ്ജ് കുര്യൻ 15,993 വോട്ട് നേടിയിരുന്നു. അടുത്ത മാസം 5 നാണ് വോട്ടെടുപ്പ്. ഈ മാസം 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന. 21ന് പത്രികകൾ പിൻവലിക്കാനുളള സമയം അവസാനിക്കും. അടുത്ത മാസം അഞ്ചാം തീയതി വോട്ടെടുപ്പും എട്ടിന് വോട്ടണ്ണലും നടക്കും.