യുഎഇയിലെ സ്വകാര്യ മേഖലയിലെ കമ്പനികൾ ഡിസംബർ 31-നകം 2023ലെ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ പൂർത്തിയാക്കണമെന്ന് ഓർമ്മിപ്പിച്ച് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE). 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഈ വർഷാവസാനത്തോടെ 4 ശതമാനം എമിറാത്തികൾ ഉണ്ടായിരിക്കണം.
2026 വരെ എല്ലാ വർഷവും കമ്പനികൾ 2 ശതമാനം എമിറാത്തികളെ അവരുടെ സ്ഥാപനത്തിലേക്ക് ചേർക്കേണ്ടതുണ്ട്. 2022 ലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ട സ്വകാര്യ കമ്പനികൾക്കെതിരെ MoHRE 400 ദശലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു.
സ്വദേശിവത്ക്കരണം ഇതുവരെ കൈവരിക്കാത്ത സ്ഥാപനങ്ങൾക്ക് എമിറാത്തി തൊഴിലന്വേഷകരെ തേടുന്നതിന് നാഫിസ് പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രയോജനം നേടാമെന്ന് മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 18,000 സ്ഥാപനങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയതായി MoHRE അറിയിച്ചു. ഇത് സ്വകാര്യ മേഖലയിലെ ജോലികളിൽ ചേരുന്ന പൗരന്മാരുടെ എണ്ണത്തിൽ “അഭൂതപൂർവമായ വർദ്ധനവിന്” കാരണമായെന്നും മന്ത്രാലയം അറിയിച്ചു. 84,000-ത്തിലധികം എമിറേറ്റികൾ നിലവിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 54,000-ത്തിലധികം പേർക്ക് ജോലി ലഭിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.