സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റ മോചനത്തിൽ പൊടുന്നനെയാണ് ഒരു പ്രതിസന്ധി നേരിട്ടത്. അബ്ദുൽ റഹീമിന്റെ മോചനത്തിന്റെ ഭാഗമായി വാദിഭാഗം അഭിഭാഷകൻ കൂടുതൽ പണം ആവശ്യപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്.
ഏഴര ലക്ഷം റിയാൽ അഥവാ ഒരു കോടി 66 ലക്ഷം രൂപ ഉടൻ നൽകണമെന്നാണ് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടത്. കോടതിയിലെ തുടർനടപടികൾ ഊർജിതമാക്കണമെങ്കിൽ പണം ഉടൻ നൽകണമെന്നായിരുന്നു വാദിഭാഗം അഭിഭാഷകൻ അറിയിച്ചത്.
എന്നാൽ അഭിഭാഷക ഫീസായി ആവശ്യപ്പെട്ട 1.66 കോടി രൂപ നൽകാൻ തയാറാണെന്ന് റഹീമിന്റെ കുടുംബവും സഹായ സമിതിയും അറിയിച്ചു. പണം നിയമപരമായി എംബസി വഴിയെ കൈമാറാൻ സാധിക്കൂ എന്ന നിലപാടിലാണ് റഹീമിന്റെ കുടുംബം. ദയാധനമായ 34 കോടി രൂപയുടെ 5 ശതമാനമാണ് അഭിഭാഷകൻ ഫീസായി ആവശ്യപ്പെട്ടത്. എംബസി വഴി പണം നൽകാൻ തയാറാണെന്ന് സഹായസമിതി വാദിഭാഗം വക്കീലിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ വാദിഭാഗം വക്കീൽ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇനിയുള്ള നടപടിക്രമങ്ങളെല്ലാം തുടങ്ങുന്നതിന് മുൻപ് തന്നെ വാദിഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുത്താലേ റഹീമിന്റെ മോചനം വേഗത്തിലാകൂ.