മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി കുവൈത്ത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്‌സൈറ്റ് അധികൃതർ ആരംഭിച്ചു. അറബിയിലും ഇംഗ്ലീഷിലും വെബ്‌സൈറ്റ് ലഭ്യമാണെന്ന് നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും കരാറുകളും മറ്റ് നടപടികളുടെ സമഗ്രമായ വിവരണങ്ങളുമാണ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. സാമൂഹിക അവബോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യേക അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്.
കുവൈത്തിൽ മനുഷ്യക്കടത്തിൽ പിടിക്കപ്പെട്ടാൽ മൂന്ന് വർഷം തടവും 5,000 മുതൽ 10,000 ദിനാർ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ജനങ്ങൾ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും ഇത്തരം വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും ഹാഷിം അൽ ഖല്ലാഫ് പറഞ്ഞു.