ആഗോളതലത്തിൽ ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി കുവൈത്ത്. കുവൈത്തിൽ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6,199 യുഎസ് ഡോളറും ജീവിതച്ചെലവ് 752.70 യുഎസ് ഡോളറുമാണ്. താമസക്കാർക്ക് അവരുടെ അടിസ്ഥാന ചെലവുകൾ വഹിച്ചതിന് ശേഷം ശമ്പളത്തിന്റെ ഭൂരിഭാഗവും ഇവിടെ നിലനിർത്താൻ സാധിക്കും. കുവൈത്തിനെ പട്ടികയിലെ ഏറ്റവും ചെലവുകുറഞ്ഞ നഗരമാക്കി മാറ്റുന്നതും ഇതാണ്.
പട്ടികയിൽ അബുദാബിയാണ് രണ്ടാം സ്ഥാനത്ത്. ശരാശരി ഇവിടെ ഓരോ മാസവും ഏകദേശം 7,154 ഡോളർ സമ്പാദിക്കാൻ സാധിക്കും. അവരുടെ ജീവിതച്ചെലവുകൾക്കായി ഏകദേശം 873.10 ഡോളർ മാത്രമേ ചെലവഴിക്കേണ്ടതായി വരുന്നുള്ളു. ജീവിതച്ചെലവ് താങ്ങാനാവുന്ന മൂന്നാമത്തെ നഗരം റിയാദാണ്. ഇവിടെ ശരാശരി പ്രതിമാസ വരുമാനം 6,245 ഡോളർ ആണ്. കൂടാതെ ജീവിതച്ചെലവ് 814,90 ഡോളറും ആണ്. ഉയർന്ന ശമ്പളവും കുറഞ്ഞ ബില്ലുകളും കാരണം അബുദാബിയും റിയാദും പട്ടികയിൽ ഇടംനേടിയത്. ദുബായും ഷാർജയും പട്ടികയിൽ നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്താണ്. താമസക്കാർ പ്രതിമാസം യഥാക്രമം 7,118 ഡോളറും 5,229 ഡോളറും ഇവിടെ നിന്നും സമ്പാദിക്കുന്നുണ്ട്. അതേസമയം ഈ നഗരങ്ങളിലെ ജീവിതച്ചെലവ് മാസംതോറും 1,007 ഡോളറും 741.30 ഡോളറുമാണ്.
ഓസ്ട്രേലിയയിലെ മെൽബണും സമ്പാദിക്കാനും ജീവിക്കാനുമുള്ള നല്ലൊരു സ്ഥലമാണെന്നാണ് സർവേ വിലയിരുത്തുന്നത്. ശരാശരി പ്രതിമാസ വരുമാനം 7,312 ഡോളറും ജീവിതച്ചെലവ് ഏകദേശം 1,079.20 ഡോളറുമാണ്. നോർവേയിലെ ഓസ്ലോയും ഒട്ടും പിന്നിലല്ല. താമസക്കാർ പ്രതിമാസം 7,543 ഡോളർ സമ്പാദിക്കുകയും ജീവിതച്ചെലവുകൾക്കായി ഏകദേശം 1,121.50 ഡോളർ ചെലവഴിക്കുകയും ചെയ്യുന്നു. ഉയർന്ന വരുമാനം ഉണ്ടായിരുന്നിട്ടും ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള നഗരമായിട്ടാണ് ന്യൂയോർക്കിനെ വിലയിരുത്തിയിരിക്കുന്നത്.