അതിർത്തികളിൽ പരിശോധന കർശനമാക്കാനൊരുങ്ങി കുവൈത്ത്. വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവർ തിരിച്ചെത്തുന്നത് വർധിച്ച സാഹചര്യത്തിലാണ് കുവൈത്തിന്റെ അതിർത്തിയിൽ സുരക്ഷ കർശനമാക്കുന്നത്. അതിർത്തികളിൽ വിരലടയാളത്തിന് പുറമെ ബയോമെട്രിക് സംവിധാനം വഴി മുഖ – നേത്ര അടയാളങ്ങളും പകർത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അതിർത്തി കവാടങ്ങളിൽ പ്രത്യേക സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. ഞായറാഴ്ച മുതൽ പുതിയ സംവിധാനം പ്രവർത്തനമാരംഭിക്കും.
നിലവിൽ വിരലടയാളം മാത്രം പരിശോധിച്ചാണ് ജനങ്ങളെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വിരൽ ശസ്ത്രക്രിയ ചെയ്ത് രൂപമാറ്റം വരുത്തി മുമ്പ് നാടുകടത്തപ്പെട്ട രണ്ട് പേർ രാജ്യത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഇവിടെ പിടിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി കർശനമാക്കിയത്.