പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി കുവൈറ്റ് ഉയര്‍ത്തിയേക്കും. ഭാര്യയെയോ ഭര്‍ത്താവിനെയോ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരുടെ കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരുടെ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. താമസ വിസനിയമങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് നടപടി.
നിലവില്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ കുവൈറ്റിലേക്ക് കൊണ്ടുവരണമെങ്കില്‍ 250 ദിനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ 500 ദിനാറുമായിരുന്നു കുറഞ്ഞ ശമ്പള പരിധി. താമസ നിയമലംഘനങ്ങൾ പെരുകിയ പശ്ചാത്തലത്തിലാണ് കുവൈറ്റ് വിസ നിയമങ്ങൾ കര്‍ശനമാക്കുന്നത്. ഇതിന് മുന്നോടിയായി കുടുംബ വിസകൾളും സന്ദര്‍ശക വിസകളും അനുവദിക്കുന്നത് താത്കാലികമായി കുവൈറ്റ് നിര്‍ത്തിവച്ചു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 500 ദിനാറില്‍ കൂടുതലുളളവര്‍ക്ക് കുടുംബാഗങ്ങളെ സ്പോണ്‍സര്‍ ചെയ്യാനുളള അനുമതി നല്‍കിയിരുന്നു. ഇതും നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെയാണ് ഇത്തരം വിസകൾ അനുവദിച്ചിരുന്നത്.