കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തിൽ മൊത്തം 49 പേർ മരിച്ചതായാണ് വിവരം. മരിച്ചവരിൽ 25ഓളം മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂർ കൂട്ടായി കോതപറമ്പ് കുപ്പൻ്റെപുരക്കൽ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ചികിത്സയിയിലുള്ളവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. കുവൈത്തിൽ അഹ്‌മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിലാണ് ഇന്നലെ പുലർച്ചെ തീപിടിത്തമുണ്ടായത്. കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തു.