200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ വരുന്നു. മുന്‍കൂര്‍ പണമടച്ച് വൈദ്യുതി ഉപയോഗിക്കാനുള്ള പ്രീ പെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ കരാര്‍ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആദ്യഘട്ടത്തില്‍ വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നത് എച്ച്ടി, എല്‍ടി വാണിജ്യ ഉപഭോക്താക്കളെയാണ്. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയില്‍ ഗാര്‍ഹിക ഉപയോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടില്ല. പിന്നീടാകും ഇത്തരം ഉപഭോക്താക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
2022 മേയ് മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചത്. ആദ്യഘട്ടത്തില്‍ കരാറെടുക്കാന്‍ ആളില്ലാതെ വന്ന സാഹചര്യത്തില്‍ വീണ്ടും കരാറിനായി വിളിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കെഎസ്ഇബി തിരുവനന്തപുരം പബ്ലിക് ഇന്‍ഫര്‍മേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
വൈദ്യുതിയുടെ ആവശ്യകത മുന്‍കൂട്ടി അറിയുന്നതോടെ പുറത്ത് നിന്ന് വന്‍വില കൊടുത്ത് വൈദ്യുതി വാങ്ങുന്നത് തടയാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്ന സമയത്ത് ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി പണം അടച്ച് ഉപയോഗിക്കാനാകും. കൂടാതെ വൈദ്യുതി കുടിശ്ശികകള്‍ വലിയ തുകയായി മാറുന്നതിലും മാറ്റമുണ്ടാകും. രണ്ട് മാസം കൂടുമ്പോള്‍ മീറ്റര്‍ റീഡിങ്ങ് നടത്തി ബില്‍ നല്‍കുന്ന നടപടികളും ഇതോടെ ഇല്ലാതാകും.