കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചായിരിക്കും ഇനി കേസിന്റെ അന്വേഷണം നടത്തുക. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിനാണ് അന്വേഷണ ചുമതല.
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ പങ്കുള്ളൂ എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാൽ കേസില്‍ പോലീസ് നല്‍കിയ വിശദീകരണത്തില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. അടക്കമുള്ളവര്‍ ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു.
കോവിഡിന് ശേഷം സാമ്പത്തികപ്രതിസന്ധി നേരിട്ട പദ്മകുമാര്‍ പെട്ടെന്ന് പണമുണ്ടാക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് എന്നായിരുന്നു എ.ഡി.ജി.പി. നല്‍കിയ വിശദീകരണം. ഒരു വര്‍ഷമായി ഇവര്‍ ദൗത്യത്തിന് വേണ്ടി ആസൂത്രണം നടത്തിയെന്നും ഒന്നരമാസം മുന്‍പാണ് ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. കോടികളുടെ സാമ്പത്തിക ബാധ്യതയായിരുന്നു പദ്മകുമാറിന് ഉണ്ടായിരുന്നത്. ഇവരുടെ മിക്ക വസ്തുക്കളും പണയത്തിലായിരുന്നു. പെട്ടെന്ന് ഒരു തിരിച്ചടവിനായി പത്തുലക്ഷം രൂപ ആവശ്യം വന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ തീരുമാനിച്ചതെന്നും പല കുട്ടികളെയും പ്രതികള്‍ ലക്ഷ്യംവെച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.