പൊലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയ നടന് വിനായകനെതിരെ ദുര്‍ബല വകുപ്പുകൾ ചുമത്തി ജാമ്യം നൽകിയതിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്, ഈ സാഹചര്യത്തിൽ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കൊച്ചി ഡിസിപി.
പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ലെന്നും മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി എസ് ശശിധരന് പറഞ്ഞു. പൊലീസുകാരെ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് വീഡിയോ പരിശോധിച്ച് കണ്ടെത്തും. അസഭ്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള വകുപ്പ് കൂടി ചുമത്തും.
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും മൂന്നു വര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. രണ്ടു വകുപ്പുകളിലുമായി ആറുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ആവശ്യമെങ്കില്‍ ചുമത്തും. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാൽ മാത്രമെ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കുവെന്നും കൊച്ചി ഡിസിപി ശശിധരന് വ്യക്തമാക്കി. വിനായകന് സ്റ്റേഷന് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ രംഗത്തെത്തിയിരുന്നു. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം നല്കാന് ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.