കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. കനാൽപിരിവിൽ ആരംഭിച്ച ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് പാർക്കിൽ മൂന്ന് വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഇത് ചരിത്ര മുഹർത്തമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
രജിസ്റ്റർ ചെയ്ത് ഒൻപത് മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് EPE ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചതിനൊപ്പം രണ്ടാമത്തെ യൂണിറ്റിൻ്റെ തറക്കല്ലിടലും നിർവഹിച്ചു. കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫർണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഈ പാർക്കിൽ നിർമ്മിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.
ഇതിനോടൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോൺ വീവൺ ഫാബ്രിക് എന്നീ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ സാധ്യത ഉള്ളവയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിക്കുക, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്നീ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഇന്ന് സാക്ഷാത്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.