ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്ന് താൻ രാജിവെയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിക്കുകയായിരുന്നു. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് രഞ്ജിത്തിൻ്റെ രാജി.
രഞ്ജിത്ത് രാജിവയ്ക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. വിമർശനം കടുത്തതോടെ സർക്കാർ കേന്ദ്രങ്ങൾ രഞ്ജിത്തുമായി സംസാരിച്ചു. പിന്നാലെ രഞ്ജിത്ത് രാജിക്കത്ത് സർക്കാരിന് കൈമാറുകയായിരുന്നു.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായിരുന്നു. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിൻ്റെ പെരുമാറ്റം. ബംഗാളിലിരുന്നു നിയമനടപടികൾ സ്വീകരിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നു എന്നായിരുന്നു ശ്രീലേഖ വെളിപ്പെടുത്തിയത്.
ഇതിനുപിന്നാലെ ഇവിടെ ഞാൻ ഇരയും അവർ വേട്ടക്കാരിയുമാണെന്ന് രഞ്ജിത്ത് പ്രതികരിച്ചിരുന്നു. അവർ നിയമപരമായി നീങ്ങിയാൽ, ഞാൻ ആ വഴിക്കുതന്നെ അതിനെ നേരിടുമെന്നും രഞ്ജിത് വ്യക്തമാക്കിയിരുന്നു.