61ാമത് സംസ്ഥാന സ്കൂൾ കലോത്സവം നാളെ പ്രധാനവേദിയായ വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ജേതാക്കൾക്ക് സമ്മാനിക്കാനുള്ള സ്വർണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയാണ് ആഘോഷം തുടങ്ങുന്നത്. കലോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളിൽ ആദ്യം സംഘം ഉച്ചയോടെ കോഴിക്കോട്ടെത്തുമെന്നാണ് വിവരം. പത്തു മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. റോഡ് ഷോ, വിളംബര ജാഥ എന്നിവയും ഇന്നാണ്.
അതേസമയം സ്കൂൾ കലോത്സവത്തിനെത്തുന്ന കുട്ടികളെ ലക്ഷ്യംവെച്ചുള്ള ലഹരി മാഫിയകളുടെ പ്രവർത്തനത്തിന് തടയിടാൻ കോഴിക്കോട് സിറ്റി പൊലീസ് ഊർജിതമായി പ്രവർത്തനം തുടങ്ങി. പൂർണ്ണസമയ നിരീക്ഷണം ഉൾപ്പെടെയുണ്ടാകും. രണ്ടായിരം പൊലീസുകാരെയാണ് പ്രത്യേകമായി നിയോഗിക്കുക.
15 ഡിവൈഎസ്പിമാർ, 30 സിഐമാർ , സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ കൂടാതെ ലഹരിവേട്ടയിൽ പരിശീലനം നേടിയ ഡാൻസാഫ് ടീം. കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്ന ഇടങ്ങൾ പൂർണ്ണമായും സിസിടിവി നിരക്ഷണത്തിലാക്കാനാണ് പൊലീസിൻ്റെ തീരുമാനം.
വേദികൾ എളുപ്പത്തിൽ കണ്ടെത്താൻ ക്യൂ ആർ കോഡ് സംവിധാനവും സൈബർ പൊലീസ് വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ കലോത്സവ വേദികൾക്ക് മുന്നിലെ റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ബീച്ചിലും പ്രധാന ഗ്രൗണ്ടുകളിലും മാത്രമാണ് പാർക്കിംഗ് ഉള്ളത്.