തൃശൂർ പൂരം സംബന്ധിച്ച ചില വിവാദങ്ങൾക്ക് വ്യക്തത വരുത്തി കേരള ഹൈക്കോടതി. ആനകളുടെ ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കാൻ മൂന്നംഗ അഭിഭാഷക സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. 19-നുള്ള തൃശൂർ പൂരത്തിന് മുന്നോടിയായി അമികസ് ക്യൂറിയുടെ നേതൃത്വത്തിൽ 18-ന് ആനകളുടെ ഫിറ്റ്നസ് രേഖകൾ പരിശോധിക്കും. ഇതിനായി മൂന്നംഗ നിരീക്ഷക സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. അഭിഭാഷകരായ അരുൺ ചന്ദ്രൻ, സന്ദേശ് രാജ, എൻ നാഗരാജ് എന്നിവരുൾപ്പെട്ടതാണ് നിരീക്ഷക സംഘം.
തൃശൂർ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി. പത്ത് മീറ്റർ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയെ അറിയിച്ചു. 50 മീറ്റർ അകലപരിധിയിൽ ഇളവ് വരുത്തിയ സിസിഎഫ് സർക്കുലർ വനംവകുപ്പ് ഹൈക്കോടതിയിൽ ഹാജരാക്കി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിൽ നിന്നും ആറ് മീറ്റർ അകലത്തിലായിരിക്കണം തീവെട്ടിയും കുത്തുവിളക്കും.
അതിനപ്പുറത്ത് മാത്രം പൊതുജനങ്ങൾക്ക് നിൽക്കാം. ആനകളും പൊതുജനങ്ങളും തമ്മിലുള്ള അകല പരിധിയിൽ ഇളവ് വരുത്തിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി.