മുസ്ലിം ലീഗുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ അറിയിച്ചു. ഇത് സമുദായ ഐക്യത്തിന് ഊർജവും കരുത്തും നൽകുന്ന നിലപാടാണ്. അദ്ദേഹത്തിന്റെ ആഗ്രഹത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പി കെ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു.
സമുദായത്തിന് അകത്തും പുറത്തും സമുദായങ്ങൾ തമ്മിലും വിള്ളൽ ഉണ്ടാകാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മത പണ്ഡിതൻമാർക്കുണ്ട്. ഇപ്പോഴിതാ കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം സമുദായ ഐക്യത്തിന് കരുത്തും, ഊർജ്ജവും നൽകുന്നതാണ്. അദ്ദേഹത്തിന്റെ നിലപാടിനെ സഹർഷം സ്വാഗതം ചെയ്യുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും പി കെ അബ്ദുറബ് ഫേസ്ബുക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
അതേസമയം മുസ്ലിം ലീഗും കാന്തപുരം വിഭാഗവും തമ്മിൽ ഐക്യം ഉണ്ടാകട്ടെ എന്നും അതാണ് അഭിലാഷമെന്നും കാന്തപുരം പറഞ്ഞു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റ ഉടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിലും കാന്തപുരം പങ്കെടുത്തിരുന്നു. സമസ്ത ഇരുവിഭാഗവും ഒന്നിച്ചുപോകണം എന്നത് ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.