കഴിഞ്ഞ കുറച്ചു നാളുകളായി സാഹിത്യകാരന്മാർ തമ്മിലുള്ള തർക്കത്തിനാണ് സാഹിത്യ കേരളം സാക്ഷ്യം വഹിക്കുന്നത്. ചെറിയ ചില പടലപിണക്കങ്ങൾ ഒഴിച്ചാൽ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നത് കഴിഞ്ഞ കുറച്ചു നാളുകളായുള്ള പ്രവണതയാണ്. ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തള്ളിയ കേരള സാഹിത്യ അക്കാദമിയുടെ നടപടിയാണ് ഈ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
ശ്രീകുമാരൻ തമ്പിയുടെ ഗാനം അക്കാദമി നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങൾ ഉണ്ടായിരുന്നുവെന്നും അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. പിന്നീടങ്ങളോട് ശ്രീകുമാരൻ തമ്പി സച്ചിതാനന്ദനെതിരെ ആഞ്ഞടിച്ചിരുന്നു,
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്ളീഷേ’!! എന്നാണ് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചത്. ഈ വിഷയത്തിൽ കെ സച്ചിദാനന്ദനെതിരെ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരനും രംഗത്ത് വന്നിരിക്കുകയാണ്.
കവിതകളിലൂടെ വർഗീയത ഇളക്കിവിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കുന്നതെന്നും അധ്യക്ഷസ്ഥാനത്ത് നിന്ന് സച്ചിദാനന്ദനെ നീക്കാൻ സാംസ്കാരിക മന്ത്രി തയ്യാറാകണമെന്നുമാണ് കൈതപ്രം ആവശ്യപ്പെടുന്നത്. അഞ്ചെട്ടു കൊല്ലം മുമ്പ് സച്ചിദാനന്ദന്റെ ഒരു കവിത ഞാൻ കണ്ടു. ‘നീണ്ട ശവപ്പെട്ടിക്ക് പുറത്തേക്ക് നീണ്ടുനിൽക്കുന്ന കാലുകൾ. അത് നീലനിറമായത് കൊണ്ട് കൃഷ്ണനാണെന്ന് രാധ തിരിച്ചറിഞ്ഞു.’ ഇത്രയും വൃത്തികെട്ട കവിത ഞാൻ മുമ്പ് വായിച്ചിട്ടില്ലെന്നാണ് കൈതപ്രം പറയുന്നത്.