മൂന്ന് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ മഴയ്ക്കാണ് യുഎഇ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. വടക്കന്‍ മേഖലയിലും കിഴക്കന്‍ മലപ്രദേശങ്ങളിലും മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളപ്പൊക്കത്തിന് സമാന സാഹചര്യമാണുണ്ടായത്.
ഇടവിട്ട കനത്തമഴ പെയ്തതോടെ ഫുജൈറ , റാസല്‍ഖൈമയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടിവന്നു. റോഡുകൾ വെളളത്തിനടിയിലായി. വിടുകളിലും വാഹനങ്ങളിലും വെളള കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും മഴക്കെടുതി നേരിടാന്‍ സൈന്യത്തെ നിയോഗിക്കുകയും ചെയ്തു.
ഷാര്‍ജ, ഫുജൈറ മേഖലയില്‍നിന്ന മലയാളികൾ ഉൾപ്പെടെ 3,897 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന. ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, പൊലീസ്, സിവില്‍ ഡിഫന്‍സ്, മുനിസിപ്പാലിറ്റി വിഭാഗങ്ങൾ സംയുക്തമായാണ് മഴക്കെടുതിയെ നേരിടാന്‍ രംഗത്തെത്തിയത്. വിവിധയിടങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരും സംരക്ഷണത്തിനെത്തി.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വസ്തുവകകൾക്ക് നാശനഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കി. നാശനഷ്ടങ്ങൾ വിലയിരുത്താന്‍ പ്രത്യേക സമിതിയേയും നിയോഗിച്ചിട്ടുണ്ട്. അസ്ഥിര കാലാവസ്ഥയുണ്ടാകുമെന്ന് നേരത്തെതന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും എഴുപതില്‍ അധികം അലേര്‍ട്ടുകളാണ് നല്‍കിയതെന്നും അധികൃതര്‍ സൂചിപ്പിച്ചു. രണ്ടുദിവസത്തെ പെയ്ത്തിന് ശമനമുണ്ടെങ്കിലും രക്ഷാസംഘവും ജാഗ്രത തുടരുകയാണ്.
27 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന മഴയാണ് യുഎഇയില്‍ രേഖപ്പെടുത്തിയത്. വടക്കന്‍ മേഖലയിലെ ചിലയിടങ്ങളില്‍ 237.9 മില്ലി മീറ്റര്‍ വരെ മഴയുണ്ടായി. ക്ലൗഡ് സീഡിംഗ് സാങ്കേതിയ വിദ്യ ഉപയോഗിച്ചതും മഴ വര്‍ദ്ധനവിന് കാരണായെന്നാണ് വിലയിരുത്തല്‍. മഴയുടെ അളവ് 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ ക്ലൗഡ് സീഡിംഗ് വഴി സാധിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
പ്രളയദുരിതം
യുഎഇയ്ക്ക് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളേയും മഴ സാരമായി ബാധിച്ചു. സൗദിയിലും ഒമാനിലും പ്രളയം രൂപപ്പെട്ടു. ഒമാനിലെ ബാത്തിന, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് കൂടുതലായി മഴ ലഭിച്ചത്. ഇതിനിടെ വാദിയില്‍ അകപ്പെട്ട് രണ്ടു മരണം ഉണ്ടായതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. മദ്ഹയിലെ ലിമ, നിയാബ പ്രദേശങ്ങളില്‍നിന്നായി ഇരൂന്നൂറിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ക്യാമ്പുകളുടെ പ്രവര്‍ത്തനവും തുടരുന്നുണ്ട്.
സൗദിയുടെ നജ്‌റാൻ, ജസാൻ, അസീർ, ബഹ മേഖലകളിലും മക്കയുടെ ചില ഭാഗങ്ങളിലും ജിദ്ദ, അൽ-ലൈത്ത്, കുൻഫുദ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലും മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ ജനജീവിതത്തെ സാരമായി ബാധിച്ചു. പതിവുകൾ തെറ്റിച്ചാണ് ഖത്തറിലും ജൂലൈ മഴയെത്തിയത്.