ഇന്നു മുതൽ അടുത്ത ഞായറാഴ്ചവരെ വിവിധ ഗതാഗതസേവനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി.).
പൊതു ബസ് സർവീസുകൾ ഈ ദിവസങ്ങളിൽ വാരാന്ത്യങ്ങളിലെ സമയക്രമം പിന്തുടരും. ആവശ്യകത അനുസരിച്ച് ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കും. യാത്രക്കാരുടെ വർധന കണക്കിലെടുത്ത് ഇന്റർസിറ്റി ബസ് സർവീസുകളും മറ്റു എമിറേറ്റുകളിലേക്കുള്ള സർവീസുകളും വർധിപ്പിക്കാൻ ആവശ്യമായനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അബുദാബി എക്സ്പ്രസ്, അബുദാബി ലിങ്ക് എന്നിവ രാവിലെ ആറുമുതൽ രാത്രി 11 വരെയും സേവനംനൽകും. ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസിറ്റ് (എ.ആർ.ടി.) സേവനങ്ങൾ ബുധൻ മുതൽ ഞായർ വരെ ഒരു മണിക്കൂർ ഇടവേളയിൽ സേവനംലഭ്യമാക്കും.
ഉപഭോക്താക്കൾക്ക് ഐ.ടി.സി.യുടെ വെബ്സൈറ്റ്, ആപ്പ്, താം പ്ലാറ്റ്ഫോം എന്നിവ മുഖേന ഐ.ടി.സി.യുടെ സേവനങ്ങൾക്കായി അപേക്ഷിക്കാം. കൂടാതെ മുനിസിപ്പാലിറ്റി ഗതാഗതവകുപ്പിന്റെ ഏകീകൃത പിന്തുണസേവന കേന്ദ്രവുമായും (800850) ടാക്സി കോൾ സെന്ററുമായും (600535353) ബന്ധപ്പെടാം. മവാഖിഫ് ഉപരിതല പാർക്കിങ്ങും മുസഫ എം – 18 ട്രക്ക് പാർക്കിങ്ങും 15-ന് രാവിലെ എട്ടുമണിവരെ സൗജന്യമാണ്. ഡാർബ് ടോൾ ഗേറ്റ് സംവിധാനം ഞായറാഴ്ചവരെ സൗജന്യമാണ്.