സൗദിയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം 12.5 ലക്ഷം കടന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
രാജ്യത്തെ ആകെ സംരംഭങ്ങളുടെ എണ്ണം 12,70,000 കടന്നതായാണ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം മൂന്നാം പാദത്തിലെ കണക്കുകളിലാണ് ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്. സംരംഭങ്ങളുടെ എണ്ണത്തിൽ 3.5 ശതമാനത്തിൻ്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. കെട്ടിട നിർമ്മാണ മേഖല, സപ്പോർട്ട് ആന്റ് സർവീസസ് മേഖല, ടൂറിസം മേഖല എന്നിവയിലാണ് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നത്.
റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത്. 43 ശതമാനമാണ് ഇവിടുത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം. മക്ക പ്രവിശ്യയിൽ 18.3 ശതമാനവും കിഴക്കൻ പ്രവിശ്യയിൽ 10.8 ശതമാനവും സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. 11 ലക്ഷം മൈക്രോ സംരംഭങ്ങളും 1.51 ലക്ഷം ചെറുകിട സംരംഭങ്ങളും 18,000 ഇടത്തരം സംരംഭങ്ങളുമാണ് പ്രവർത്തിച്ചുവരുന്നത്.