ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം (എഫ്‌സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്.
ബഹിരാകാശത്തെ പോളിമർ ഇലക്‌ട്രോലൈറ്റ് മെംബ്രൈൻ ഫ്യൂവൽ സെൽ പ്രവർത്തനം വിലയിരുത്തുകയും ഭാവി ദൗത്യങ്ങൾക്കായുള്ള സംവിധാനങ്ങളുടെ രൂപകൽപ്പന സുഗമമാക്കുന്നതിന് ഡാറ്റ ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യമെന്ന് ഐഎസ്‌ആർഒ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്‌എസ്‌സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്.ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിക്കുന്നതെന്നും ഇതിൽ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഭാവിയിൽ ബഹിരാകാശ പദ്ധതികളിൽ ബാക്കപ്പ് സിസ്റ്റമായും ഇത് ഉപയോഗിക്കാൻ കഴിയും.പുതുവർഷ ദിനത്തിൽ പിഎസ്എൽവി സി 58 എക്സ്പോസാറ്റ് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിൻറെ അവസാന ഭാഗത്ത് പിഒഇഎം എന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡൂളിലാണ് 10 ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം വിഎസ്‌എസ്‌സി ആണ് നിർമിച്ചത്. അതിൽ ഒന്നാണ് എഫ്സിപിഎസ്.