തീപിടിത്ത പ്രദേശങ്ങളിലും ദുരന്ത ബാധിത മേഖലകളിലും അതവേഗം സഹായമെത്തിക്കാൻ ശേഷിയുളള വാഹനങ്ങൾ ദുബൈ സിവിൽ ഡിഫൻസിൻ്റെ ഭാഗമായി. മരുഭൂമിയിലും താഴ്‌വരകളിലും പർവതപ്രദേശങ്ങളിലും ഒരുപോലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ശേഷിയുളള വാഹനങ്ങളാണ് വികസിപ്പിച്ചത്.
പോർ മുഖത്ത് കരുത്ത് തെളിയിക്കുന്ന ‘ഡ്യൂൺ ബഗ്ഗി’ വാഹനത്തിന് 100 ലിറ്റർ വെള്ളം സംഭരിക്കാൻ സാധിക്കും. പ്രഥമശുശ്രൂഷ കിറ്റുകൾ, എക്‌സ്‌റ്റിംഗുഷറുകൾ, ഹൈഡ്രോളിക് കട്ടറുകൾ പോലുള്ള സുരക്ഷാ ഉപകരണങ്ങളും വാഹനത്തിലുണ്ട്. രണ്ട് അഗ്നിശമന സേനാംഗങ്ങളെ വഹിക്കാനും കഴിയും. 50 മീറ്റർ അകലെനിന്ന് വെള്ളം പമ്പ് ചെയ്യാനും ശേഷിയുണ്ട്. റെക്കോർഡ് സമയത്തിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള വിപുലമായ സംവിധാനമാണ് വാഹനത്തിലുളളത്. ദുബായിലെ വർക്ക്‌ഷോപ്പുകളിൽ തദ്ദേശിയമായി വികസിപ്പിച്ചതാണ് ‘ഡ്യൂൺ ബഗ്ഗി’ മോഡൽ.
മറ്റൊരു വാഹനമായ മെഴ്‌സിഡസ് ബെൻസ് യൂണിമോഗ് ലോറിയും ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. എട്ട് ഗിയർ 4×4 വാഹനത്തിൽ 5,00 ലിറ്റർ വാട്ടർ ടാങ്ക് ഉണ്ട്. വലിയ തീപിടുത്തങ്ങൾ നേരിടുമ്പോൾ വേഗത്തിൽ ഇടപെടാനുമെന്നാതാണ് പ്രത്യേകത. ടൊയോട്ട ഹിലക്‌സ് വാഗനവും സിവിൽ ഡിഫൻസിൻ്റെ പുതിയ വാഹന ശ്രേണിയിൽ ഉൾപ്പെടുത്തി.
അപകടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ തെർമൽ ക്യാമറകൾ , രാത്രിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് 360 ഡിഗ്രി സ്പോട്ട്ലൈറ്റ്, അഗ്നിശമന സേനാംഗങ്ങൾക്ക് സുരക്ഷ നൽകുന്നതിനുള്ള സെൻസറുൾ തുടങ്ങി ആധുനിക ഉപകരണങ്ങളും പുതിയ വാഹനങ്ങളുടെ പ്രത്യേകതയാണ്. മരുഭൂമിയിലെ ക്യാമ്പുകളിലും ഫാമുകളിലും അപകടമുണ്ടായാൽ വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്നതാണ് വാഹന ശ്രേണിയെന്ന് സിവിൽ ഡിഫൻസ്- ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി.