ഇൻഡിഗോ വിമാനം കെട്ടിവലിച്ച കഥ നോക്കാം. ആദ്യമേ തന്നെ സസ്പെൻസ് പൊളിക്കുവാണ്, പ്രതി കനത്ത മൂടൽ മഞ്ഞാണ് കേട്ടോ. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്ത ഇൻഡിഗോ വിമാനമാണ്, റൺവേയിൽ നിന്ന് പുറത്തേക്ക് കടക്കേണ്ട എക്സിറ്റ് വേ കടന്ന് മുന്നോട്ട് നീങ്ങിയത്. പിന്നീട് വിമാനം അവിടെ നിന്ന് കെട്ടിവലിച്ച് പാര്‍ക്കിങ് ബേയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. അമൃതസറിൽ നിന്ന് ഡൽഹിയിലേക്ക് വന്ന 6ഇ 2221 വിമാനത്തിന്റെ പൈലറ്റിനാണ് ഈ അബദ്ധം പറ്റിയത്. കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ച മങ്ങിയതുമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഇന്റിഗോ വിമാനക്കമ്പനി വക്താവ് പിന്നീട് വിശദമാക്കി. റൺവേയിൽ നിന്ന് ടാക്സിവേയിലേക്ക് കടക്കേണ്ട ഭാഗം കടന്ന് വിമാനം മുന്നോട്ട് നീങ്ങുകയായിരുന്നു.
പിന്നീട് വാഹനമെത്തിച്ച് വിമാനം കെട്ടിവലിച്ച് പാര്‍ക്കിങ് ബേയിലേക്ക് കെട്ടിവലിച്ചു കൊണ്ടുവരികയായിരുന്നു. യാത്രക്കാര്‍ക്ക് നേരിട്ട് ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുവെന്ന് വിമാനക്കമ്പനി അറിയിച്ചു. രാവിലെ 7.20ന് അമൃതസറിൽ നിന്ന് പുറപ്പെട്ട വിമാനം 8.35നാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്തത്.