യുഎഇയിൽ ‘ഭാരത് പാർക്ക്’ എന്ന പേരിൽ പ്രത്യേക വ്യാപര പാർക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ഒരു ഗുഡ്‌സ് ഷോറൂമും വെയർഹൗസുകളും സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ, ടെക്‌സ്‌റ്റൈൽസ് വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഇതര രാജ്യങ്ങളിൽ നിന്നുളളവർക്ക് ഇന്ത്യൻ സാധനങ്ങൾ വാങ്ങാൻ ഭാരത് പാർക്ക് സൗകര്യമൊരുക്കുമൊന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചൈനയുടെ ഡ്രാഗൺ മാർട്ടിന് സമാനമായിരിക്കും ഇന്ത്യയുടെ ഭാരത് പാർക്കെന്നാണ് സൂചനകൾ. ജബൽ അലി ഫ്രീ സോണിലായിരിക്കും ഭാരത് പാർക്ക് സ്ഥാപിക്കുക. ജപ്പാൻ, ഓസ്‌ട്രേലിയ,യുഎഇ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായുളള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ പരമാവധി ഉപയോഗപ്പെടുത്താനും മന്ത്രി വ്യവസായികളോട് അഭ്യർത്ഥിച്ചു.
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ വിവിധ സ്ഥലങ്ങളിൽ 21 ടെസ്റ്റിംഗ് ലബോറട്ടറികൾ സ്ഥാപിക്കുമെന്നും ഇതിനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് 40 കോടി രൂപ ചെലവഴിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. സിന്തറ്റിക് ആൻഡ് റയോൺ ടെക്സ്റ്റൈൽസ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിൻ്റെ പുരസ്കാര ദാനചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.