സൗദിയിൽ 126 കിലോ ലഹരിമരുന്നുമായി രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ. സൗദിയിലെ അസീറിൽ നിന്ന് ട്രാഫിക് പൊലീസാണ് ഇന്ത്യൻ വംശജരായ യുവാക്കളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ലഹരിമരുന്നുൾപ്പെടെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മേഖലയിൽ ലഹരിമരുന്ന് വ്യാപാരം വർധിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇവരുടെ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചാൽ പൊതുജനങ്ങൾക്കും അധികൃതരെ അറിയിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെടാം. 995 എന്ന നമ്പറിലും ഇ-മെയിൽ വഴിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളിൽ ബന്ധപ്പെട്ടും ലഹരിമരുന്ന് കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ സാധിക്കും.