നല്ല ചൂടുള്ള കോഫി കുടിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. രുചികരമായ കോഫികൾ പരീക്ഷിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലൂടെ യാത്രകൾ ചെയ്യുന്നവരും നിരവധിയാണ്. പലരും മികച്ച കോഫി അന്വേഷിച്ചാണ് ലോകം ചുറ്റുന്നത്. ഇനി ഏറ്റവും രുചികരമായ കോഫി അന്വേഷിച്ച് മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട ആവശ്യമില്ല. കാരണം ലോകത്തിലെ ഏറ്റവും മികച്ച കോഫിയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് നമ്മുടെ സ്വന്തം ഇന്ത്യൻ ഫിൽറ്റർ കോഫിയാണ്.
പ്രശസ്ത ഭക്ഷ്യ-യാത്രാ പ്ലാറ്റ്ഫോമായ ടേസ്റ്റ്അറ്റ്ലസ് ആണ് കോഫികളുടെ റേറ്റിങ് പട്ടിക പുറത്തുവിട്ടത്. ലോകത്തിലെ രുചിയേറിയ 38 കോഫികളുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനത്തെത്തിയത് ക്യൂബൻ എസ്പ്രസോ ആണ്. രണ്ടാം സ്ഥാനത്ത് മറ്റാരുമല്ല, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫിൽറ്റർ കോഫി തന്നെയാണ്. ക്യൂബൻ എസ്പ്രസോ (ക്യൂബ), സൗത് ഇന്ത്യൻ ഫിൽറ്റർ കോഫി (ഇന്ത്യ), എസ്പ്രസോ ഫ്രെഡോ (ഗ്രീസ്), ഫ്രെഡോ കാപുചിനോ (ഗ്രീസ്), കാപുചിനോ (ഇറ്റലി) എന്നവയാണ് ലിസ്റ്റിലെ ആദ്യ അഞ്ചിൽ യഥാക്രമം ഉൾപ്പെട്ടിരിക്കുന്നത്.
കോഫി ഫിൽറ്റർ മെഷീൻ ഉപയോഗിച്ചാണ് ഇന്ത്യൻ ഫിൽറ്റർ കോഫി തയ്യാറാക്കുന്നത്. അറബിക്കാ ചെടിയിൽ നിന്നുള്ള ശുദ്ധമായ കാപ്പിക്കുരുവാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് നന്നായി വറുത്ത് പൊടിച്ച് 90:10 അല്ലെങ്കിൽ 80:20 എന്ന അനുപാതത്തിൽ ചിക്കറിയുമായി യോജിപ്പിച്ചാണ് ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫിയുടെ പൊടിയുടെ നിർമ്മാണം. അതിനാലാണ് ഈ കാപ്പിയ്ക്ക് ആരെയും മയക്കും മണവും രുചിയും ലഭിക്കുന്നത്.